ഇന്നലെ കണ്ട കിനാവ്
ചില പകല്‍ കിനാവുകളുണ്ട് ,
പെയ്തൊഴിയാത്ത മേഘങ്ങളെപോലെ
ആവര്‍ത്തനത്തിന്‍റെ താളത്തിനൊത്ത്
ഇടവില്ലാതെ പെയ്യും .
അനുഭവിചൊഴിഞ്ഞുപോകും ,
പകല്‍മനസ്സുകളില്‍ ,
കുളിര്‍മഴയും ,പേമാരിയും
ഒന്നിച്ച് പെയ്യ്തിറങ്ങിതണുക്കും .
ഇടയ്ക് ചുട്ടുപൊള്ളിക്കും .
ചില വേളകള്‍ മുറിവുകളില്‍ -
ഇറ്റും ഉപ്പുകാറ്റാകും .
ഇന്നലെയും അനുവാദമില്ലാതെ -
ഒന്നു വന്നുപോയി ,
വേര്‍പെട്ട എന്‍റെ ഉടലില്‍ ,
നിറയെ ചുവന്നപൂക്കളെ -
അണിയിച്ച് ,മനോഹരിയാക്കി ,
സമാന്തരദൂരങ്ങളിലൂടെ
തീവണ്ടിയായ് വഴിദൂരം -
പിന്നിട്ട് പോയ് മറഞ്ഞു .
ഉടലുപ്പ് പകര്‍ന്നു,
ഉയിരറ്റു അകന്നുപോയ -
കിനാവുകള്‍ ,
എന്‍റെ ഉന്മാദത്തിന്‍റെ
അടയാളപ്പെടുത്തലുകളാണ് .
എന്‍റെ തിരിച്ചറിവിന്‍റെ ,
രേഖപ്പെടുത്തലുകലാണ്.
സ്വപ്നങ്ങളില്‍ നാമ്പിട്ട-
ഒരു മൊട്ടാണ് ഞാന്‍ ,
വിരിയുവാന്‍ കൊതിച്ചു -
കൊഴിഞ്ഞപൂവിന്‍റെ ,
കണ്ണീരാല്‍ കരിഞ്ഞുണങ്ങിയ-
പൂമൊട്ട് .
സ്വപ്നങ്ങളില്‍ കിടന്നുറങ്ങി,
സ്വപ്നങ്ങളില്‍ ഉണര്‍ന്ന -
നിമിഷങ്ങളെ പ്രണയിച്ച് ,
എന്‍റെ ചിന്തകള്‍ വെടിയുപ്പാകുന്നു .
എന്നിലൂടെ പകല്‍കിനാവുകള്‍ ,
ജനിച്ച് മരിക്കുന്നു .
രമ്യ പവനന്‍